2രാജാക്കന്മാർ-20

ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക


1 ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:

3 അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.

4 എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാൽ:

5 നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.

6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.

7 പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.

8 ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.

9 അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.

10 അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.

11 അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.

12 ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.

13 ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.

14 എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെ നിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.

15 അവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.

16 യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക:

17 രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.

18 നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

19 അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.

20 ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

21 ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.

1 മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.

2 എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

3 തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

4 യെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

5 യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;

6 അവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.

7 ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.

8 ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.

9 എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

10 ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:

11 യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ളേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും

12 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.

13 ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും.

14 എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും.

15 അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.

16 അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.

17 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

18 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.

19 ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.

20 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;

21 തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.

22 അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.

23 എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;

24 എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.

25 ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

26 ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.